2017 ജനുവരി 22, ഞായറാഴ്‌ച

കൊലയുടെ രാഷ്ട്രീയം


ബുദ്ദി ചിതലെടുത്ത തലചോറുമായ് അവന്‍ നടക്കുമ്പോള്‍

മൊബൈല്‍ ഫോണില്‍ ഒരു സന്ദേശമെത്തി..

വെട്ടികൊല്ലണം ഒരുത്തനെ...

നിണം കാണാന്‍ ആര്‍ത്തി പിടിച്ചു നടന്നവന്‍..

കാര്യമെന്തൊന്നൊട്ടും ചിന്തിച്ചില്ല ..

അല്ലെങ്കിലും ചിന്തിക്കാന്‍ കുറച്ചെങ്കിലും ബുദ്ദി വേണ്ടേ ...

വെട്ടുക തന്നെ....

കഷണങ്ങള്‍ എത്ര കൂടുന്നുവോ അത്രയും നല്ലത്

ആളുകള്‍ നടുങ്ങണം ഭയക്കണം

ചോദ്യങ്ങള്‍ തൊണ്ടയില്‍ വിഴുങ്ങണം ....

ആശയങ്ങള്‍ പതിരിച്ചു തുടങ്ങുമ്പോള്‍ ...

പുതിയ ആശയങ്ങള്‍ ചിന്തിക്കാന്‍ നേതാക്കള്‍ക്ക്

ശേഷികുറവ് വരുമ്പോള്‍ കൊല്ലുന്നു..

പിന്നെ അതാവും ചര്‍ച്ച ...

അല്ലങ്കിലും നമ്മുക്ക് ചര്‍ച്ചയില്‍ ആണല്ലോ താല്‍പ്പര്യം ..

കാര്യം നടന്നില്ലേലും കുഴപ്പമില്ല ചര്‍ച്ച കൊഴുക്കണം ..

കാര്യം നടക്കുവാന്‍ മോഹിച്ച നാട്ടുകാര്‍

മോഹഭംഗം നെടുവീര്‍പ്പിലൊതുക്കും ...

അതിനുള്ള മരുന്നാണീകൊലകകള്‍

കുട്ടിക്ക് അച്ഛനില്ലതാകും അമ്മക്ക് മകനില്ലതാകും

ഭാര്യക്ക് താങ്ങില്ലാതാകും

എങ്കിലുമെന്താ

പുറമ്പോക്കില്‍ രക്തസാക്ഷി മണ്ടപങ്ങളുയരും

വര്‍ഷവും പുഷ്പാര്‍ച്ചനയുണ്ടാകും

അത് മതി അനാഥമാക്കപെട്ട ജന്മങ്ങള്‍ക്ക്

പക്ഷേ അതിനൊക്കെ മുന്‍പേ വെട്ടണം തിരിച്ചു വെട്ടണം

കൊല്ലണം അവര്‍ക്കും വേണ്ടേ രക്തസാക്ഷികള്‍ ..

2016 ഒക്‌ടോബർ 12, ബുധനാഴ്‌ച

ഭ്രാന്തന്മാര്‍ അറിയുന്നതിന്.......


കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ടി പ്രവര്‍ത്തകര്‍ അറിയാന്‍...പാര്‍ടി പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞാല്‍ സി പി എം ,ബി ജെ പി,കോണ്ഗ്രസ് അങ്ങിനെ എല്ലാവരും പെടും. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം രാഷ്ട്രീയം എന്നത് ആശയങ്ങളുടെ ഒരു ഏറ്റുമുട്ടല്‍ ആണ്.അതും പൊതുജനത്തിന് എങ്ങനെ എത്രയും നന്നായി എത്രയും വേഗത്തില്‍ അവരുടെ ജീവിതം അല്ലലില്ലാതെ,ഭയരഹിതമായി,സ്വതന്ത്രമായി കൊണ്ടുപോകുവാന്‍ സാധിക്കും വിധം ആശയങ്ങള്‍ രൂപീകരിക്കുകയും അത് അഴിമതി രഹിതമായി നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തുന്നത് ഇത്തരം ആശയങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും ഓരോ വിഷയത്തിലും എത്രയും ജനപക്ഷമായി നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലും ആണ്. ഒരു സാധാരണക്കാരന് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ടിയോട് ആദ്യമായി താല്പര്യം തോന്നുന്നത് അവന്‍ ജനിച്ചു വളരുന്ന സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും അടിസ്ഥാനമാക്കിയാണ്. പിനീട് അവന്‍റെ ചിന്താശകത്തിക്ക് അനുസ്രിതമായി ഈ വിശ്വാസങ്ങളില്‍ മാറ്റം വരാം വരാതിരിക്കാം. എങ്കിലും അവന്‍റെ അടിസ്ഥാനപരമായ താല്‍പര്യം ജനങ്ങള്‍ക്ക് നന്മ വരുന്ന പ്രവര്‍ത്തികളെ പിന്തുണക്കുക എന്നത് മാത്രമാണ്. അത് ഏതു പാര്‍ട്ടി ചെയ്തു എന്നുള്ളത് രണ്ടാമത്തെ വിഷയമേ ആകുന്നുള്ളൂ. അത്കൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ടികള്‍ മത്സരിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ആശയങ്ങള്‍ രൂപീകരിക്കുന്നതിനും അത് നടപ്പിലാക്കെണ്ടുന്നതിനും ആണ്. അല്ലാതെ എതിര്‍ പാര്‍ടിയില്‍ പെട്ടവരെ കൊന്നു തള്ളി കൊണ്ടല്ല.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രസക്തമായ കാര്യം കൊല്ലപെടുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും സാധാരണ പ്രവര്‍ത്തകര്‍ ആണ് എന്നുള്ളതാണ്. അവനെ കൊല്ലുന്നതും ഒരു സാധാരണ പ്രവര്‍ത്തകര്‍ തന്നെയാണ്. അപ്പോള്‍ ഇവിടെ ഒരു കൊലപാതകം കൊണ്ട് നഷ്ടം സംഭവിക്കുന്നത്‌ സാധാരണകാരന് മാത്രം ആണ്. ഒരാളെ കൊല്ലാന്‍ നിങ്ങളുടെ കയ്യില്‍ ആയുധം വച്ച് തരുന്ന നേതാക്കളോട് നിങ്ങള്‍ ചോദിക്കേണ്ടുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കൊണ്ടാണ് നിങ്ങള്‍ നേരിട്ട് കൊലപാതം നടത്താതെന്നു? അല്ലെങ്കില്‍ എന്തിനു ഒരു സാധാരണ പ്രവര്‍ത്തകനെ മാത്രം കൊല്ലുന്നതെന്ന്? അല്ലെങ്കില്‍ ഈ കൊലപാതകം കൊണ്ട് ജനങ്ങള്‍ക്ക് എന്ത് ഉപകാരം ആണ് വരുന്നതെന്ന്? ആയുധവുമായി പോകുമ്പോള്‍ നിങ്ങള്‍ ആലോചിക്കെണ്ടുന്ന വിഷയം നിങ്ങള്‍ കൊല്ലാന്‍ പോകുന്നത് ഒരു മനുഷ്യനെ ആണ് എന്നുള്ളതാണ്. അവനും നിങ്ങളെ പോലെ അച്ഛനും അമ്മയും ഭാര്യയും പെങ്ങളും പിന്നെ കുഞ്ഞുങ്ങളും ഉണ്ടെന്നുള്ളതാണ്. അവന്‍ കൊല്ലപ്പെട്ടതിനു ശേഷം അവനെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെ അവസ്ഥയെ പറ്റിയാണ് നിങ്ങള്‍ ചിന്തിക്കെണ്ടുന്നത്. അച്ഛന്റെ ജഡം കെട്ടിപിടിച്ചു കരയുന്ന മക്കളുടെ കാഴ്ച നിങ്ങളുടെ മുന്നില്‍ വരുന്നുണ്ടോ? ഭര്‍ത്താവു നഷ്ടപ്പെട്ട് ജീവിതം അനാഥമായ ഭാര്യയുടെ വിലാപം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? മകന്‍ നഷ്ടപെട്ട മാതാപിതാക്കളുടെ കരളിലെ നിങ്ങള്‍ അറിയുന്നുണ്ടോ? ഇല്ല ഇതൊന്നും നിങ്ങള്‍ അറിയുന്നുണ്ടാകില്ല. ഇത് നിങ്ങള്ക്ക് അറിയാമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ നിഷ്ടൂര കൃത്യം ചെയ്യാന്‍ പുറപ്പെടുകയില്ലയിരുന്നല്ലോ..

പക്ഷെ ഒന്ന് ചിന്തിക്കൂ...അവിടെയിരുന്നു കരയുന്നത് നിങ്ങളുടെ മക്കളാണെന്നു..അവിടെ കരഞ്ഞു തളര്‍ന്നു ബോധം പോയി കിടക്കുന്നത് നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ കൈ പിടിച്ചു വന്നവലാണെന്ന്..അവിടെ നിസംഗരായി കണ്ണീര്‍ വറ്റാത്ത മുഖങ്ങളുമായി ഇരിക്കുന്നത് നിങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ ആണെന്ന്...

അപ്പോള്‍ അപ്പോള്‍ മാത്രം നിങ്ങള്‍ക്ക് മനസ്സിലാകും നഷ്ടം എന്താണെന്നും നഷ്ടങ്ങളുടെ വേദന എന്താണെന്നും..നേതാക്കള്‍ ചൊല്ലി തരുന്ന വിഷവചനങ്ങള്‍ ഒരു നിമിഷം മറക്കൂ...എന്നിട്ട് ആ കരച്ചില്‍ ശ്രദ്ദിക്കൂ..അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകും അത് വരുന്നത് നിങ്ങളില്‍ നിന്നും ആണെന്ന്...ഇന്ന് നിങ്ങള്‍ ചെയ്യുന്നത് നാളെ നിനക്കും സംഭവിക്കാം എന്നത്...ഇന്ന് നിങ്ങള്‍ അനാഥര്‍ ആക്കിയവരുടെ സ്ഥാനത് നാളെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആയിരിക്കാം എന്നത്...

മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും വെത്യസ്തന്‍ ആണെന്ന് അവകാശപെടുന്നവര്‍ ആണ്. എങ്കിലും നമുക്കിടയില്‍ ഇനിയും രൂപാന്തരം പ്രാപിക്കാത്തവര്‍ ഉണ്ടെന്നുള്ളത്...തന്‍റെ തലച്ചോറ് വേറെ ആര്‍ക്കോ പണയം വച്ചവര്‍ ഉണ്ടെന്നുള്ളത് ഒരു ഭയം ആണ് സൃഷ്ടിക്കുന്നത്...

2016 ഫെബ്രുവരി 15, തിങ്കളാഴ്‌ച

ആരാണിവര്‍


അവര്‍.... നിന്‍റെ വായ താഴിട്ടു പൂട്ടാന്‍ ശ്രമിക്കും..

കണ്ണുകള്‍ മൂടി കെട്ടാന്‍ ആജ്ഞപിക്കും..

നിന്‍റെ മുഷ്ടികള്‍ താഴേക്കു പിടിച്ചു താഴ്ത്തും..

അവര്‍..നിന്‍റെ തലയോട്ടി പിളര്‍ത്തി..ചിന്തകളില്‍ വിഷം നിറക്കാന്‍ ശ്രമിക്കും..

കാരണം..

അവര്‍..ഭയപ്പെടുന്നു..

അപ്രിയ സത്യം പറയുന്ന വായകളെ..

യാഥാര്‍ത്യം കാണുന്ന കണ്ണുകളെ..

അനീതിക്കെതിരെയുള്ള എതിര്‍പ്പുകളെ....

സ്വതന്ത്രമായി ചിന്തിക്കുന്ന തലയോട്ടികളെ..

അവര്‍ ഭയപ്പെടുന്നു..

കാരണം...

അവര്‍ ചരിത്രത്തില്‍ ഇടമില്ലാത്തവരാണ്

എന്നും അവര്‍ നിഴലിന്‍റെ മറവില്‍ യുദ്ധം ചെയ്തവരാണ്...

പകല്‍ വെളിച്ചത്തില്‍..നേര്‍ക്ക്‌ നേര്‍ വരാന്‍ ഭയപ്പെടുന്നവരാണ്...

ആരാണവര്‍....?
*********************************************************************
ജെ.സി.പള്ളികാട്

2015 ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒരു കഥ..വെറും കഥ...


ഞാനൊരു കഥ പറയാം...

പണ്ട് ഒരു കുടുംബം അഛ്ചനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. മൂന്നു ആണും രണ്ടു പെണ്ണും. ആ അഛ്ചനും അമ്മയും തങ്ങളുടെ മക്കളെ വളരെ കഷ്ടപ്പെട്ട് സ്നേഹിച്ചു അല്ലലൊന്നും കൂടാതെ വളര്‍ത്തി വലുതാക്കി. എല്ലാവരെയും നല്ല രീതിയില്‍ പഠിപ്പിച്ചു നല്ല ജോലിക്കാരക്കി. മൂത്തവന്‍ ഡോക്ടറായി..രണ്ടാമത്തവന്‍ എന്ജിനീര്‍ ആയി..മൂന്നാമത്തവള്‍ ടീച്ചര്‍ ആയി..നാലാമത്തവന്‍ പൈലറ്റ്‌ ആയി..അഞ്ചാമത്തവള്‍ ഐ.എ.സ് കാരിയായി. എല്ലാവരും പറഞ്ഞു എന്ത് നല്ല കുടുംബം..എത്ര നന്നായി ജീവിക്കുന്നു..അതെ അവര്‍ നന്നായി തന്നെ ജീവിക്കുന്നു. പരസ്പരം സ്നേഹിച്ചു വളരെ സന്തോഷത്തോടെ..ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതില്ല..അതിപ്പോ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുന്നതല്ലേ..പക്ഷെ ആ സഹോദരങ്ങല്‍കിടയില്‍ എന്നും സ്നേഹവും ബഹുമാനവും നിറഞ്ഞു നിന്നിരുന്നു. എന്ത് പ്രശ്നം ഉണ്ടായാലും അവര്‍ അത് തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കുമായിരുന്നു. അങ്ങിനെ അവര്‍ സന്തോഷത്തോടെ കഴിയുകയാണ്.

അങ്ങിനെയിരിക്കെ അവരുടെ ഒരു അമ്മാവന്‍..അകന്ന ബദ്ധത്തില്‍ ഉള്ള ഒരു അമ്മാവന്‍ അവരുടെ വീട്ടില്‍ വന്നു. അമ്മാവന്‍ ഇപ്പൊ ഒറ്റക്കാണ്.അങ്ങിനെ ഒറ്റയ്ക്ക് ആയതല്ല..സ്വഭാവം അത്ര നല്ലതാണെ..സ്വന്തം മക്കള് വരെ കൂടെ നിറുത്തില്ല..അതോണ്ട് ഇങ്ങനെ ഓരോ ബന്ധു വീടുകളില്‍ ആയി ആണ് താമസം.

അമ്മാവനെ പറ്റി കേട്ടിരുന്നെങ്കിലും അവര്‍ എല്ലാവരും അമ്മാവനെ സ്നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്..ശകുനി അമ്മാവന്‍ എന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും അവര്‍ അവരുടെ കുടുംബത്തിലെ അംഗമായി അമ്മാവനെ കണ്ടു..

ഒരു ദിവസം അമ്മാവന്‍ മൂത്ത മകന്‍റെ അടുത്ത് ചെന്നു വിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അതിനിടയില്‍ ചോദിച്ചു..മോനെ നീ ഇവിടത്തെ മൂത്ത മകനല്ലേ എന്നിട്ടും അച്ഛനും അമ്മയും നിന്നെ അത് പോലെ പരിഗണിക്കുന്നുണ്ടോ? അത് കേട്ട മകന് ചിരിയാണ് വന്നത്.

മകന്‍: അല്ലാതെ പിന്നെ അവര്‍ക്ക് എന്നെ എല്ലാവരെയും പോലെ ഇഷ്ടമാണല്ലോ?

അമ്മാവന്‍: അപ്പൊ എല്ലാവരെയും പോലെ ഇഷ്ടമായാല്‍ മതിയോ?

മകന്‍: പിന്നല്ലാതെ എല്ലാവരെയും ഒരുപോലെ അല്ലെ കാണേണ്ടത്?

അമ്മാവന്‍: അതിനു നീ അവരുടെ മൂത്ത മകനല്ലേ..നിനക്കല്ലേ അവര്‍ കൂടുതല്‍ പരിഗണന തരേണ്ടത്‌?അല്ലെങ്കില്‍ കിട്ടേണ്ട പരിഗണന നിനക്ക് കിട്ടീയിട്ടുന്ദൊ?

മകന്‍: പിന്നല്ലാതെ..അവരെല്ലേ എന്നെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കിയത്.

അമ്മാവന്‍: അപ്പൊ താഴെയുല്ലവള്‍ ഐ.എ.സ് ആയതോ? ഡോക്ടര്‍ ആണോ ഐ.എ.സ് ആണോ വലുത്? മൂത്ത മകനെന്ന നിലക്ക് നിന്നെ അല്ലെ അവര്‍ ഐ.എ.സ് ആക്കെണ്ടിയിരുന്നത്?

മകന്‍: അതിനു അമ്മാവാ എനിക്ക് താല്‍പ്പര്യം മെഡിസിനോടയിരുന്നു. പിന്നെ എനിക്ക് ഐ.എ.സ് ഇനിയും എഴുതാലോ? വേണമെന്നുണ്ടെങ്കില്‍?

അമ്മാവന്‍: അത് മോന്‍ പാവമായാത് കൊണ്ട് തോന്നുന്നതാ. ഇപ്പൊ മോന് കഴിവുള്ളത് കൊണ്ടല്ലേ ഐ.എ.സ് ചെയ്യാമെന്ന് തോന്നണത്. അതെന്തുകൊണ്ട് മോന്‍റെ അച്ഛനും അമ്മയ്ക്കും തോന്നിയില്ല.അവര്‍ എന്ത് കൊണ്ട് അന്നേ മോനെ ഡോക്ടര്‍ ആക്കാതെ ഐ.എ.സ് ആക്കിയില്ല. അപ്പൊ അതിനര്‍ത്ഥം മോനോട് അവര്‍ക്ക് എന്തോ തല്പ്പര്യകുറവ് ഉണ്ട് എന്നല്ലേ?

മകന്‍: അമ്മാവാ..ഇന്ന് എനിക്ക് ഐ.എ.സ് ചെയ്യാന്‍ ഉള്ള കഴിവ് ഉണ്ടാക്കി തന്നത് അവരല്ലേ? അവര്‍ അന്ന് അവരുടെ കഴിവനുസ്സരിച്ചു എന്നെ ഡോക്ടര്‍ ആക്കി. അന്ന് അവര്‍ എന്നെ പഠിപ്പിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?

അമ്മാവന്‍: എന്നാലും നീ ഒന്ന് ഓര്‍ത്തു നോക്കിയേ നിന്‍റെ അനുജന്‍റെ പിറന്നാളിന് അച്ഛന്‍ ഒരു സൈക്കിള്‍ സമ്മാനമായി കൊടുത്തത്?

മകന്‍: അതിനെന്താ?

അമ്മാവന്‍: എന്തൊന്നോ നിന്‍റെ പിറന്നാളിന് അവര്‍ സൈക്കിള്‍ വാങ്ങി തന്നിരുന്നോ?

മകന്‍: ഇല്ല

അമ്മാവന്‍: അതാ ഞാന്‍ പറഞ്ഞത് നിന്നോട് അവര്‍ക്ക് ശരിക്കും ഇഷ്ടം ഇല്ലെന്നു.

മകന്‍: അത് അന്ന് അച്ഛന്‍റെ കയ്യില്‍ പൈസ ഇല്ലായിരുന്നു. പൈസ ഉണ്ടായപ്പോള്‍ വാങ്ങി തന്നല്ലോ?

അമ്മാവന്‍: പിന്നെ എപ്പോഴെങ്കിലും വാങ്ങി തരുന്നത് പോലെ ആണോ പിറന്നാളിന് സമ്മാനം തരുന്നത്? നീ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ടാണ് നിന്നെ എല്ലാവരും പറ്റിക്കുന്നത്.

മകന്‍: എന്നെ ആറു പറ്റിചെന്നാ?

അമ്മാവന്‍: നിന്‍റെ പെങ്ങന്മാര്‍ക്കു രണ്ടു പേര്‍ക്കും കാത്തു കുത്തി കമ്മലിട്ടു. നിനക്ക് എന്താ ഇടാഞ്ഞേ

മകന്‍: അതിനു ഞാന്‍ ആണ്‍കുട്ടി അല്ലെ? എന്‍റെ അനിയന്മാര്‍ക്കും കമ്മല്‍ ഇല്ലല്ലോ?

അമ്മാവന്‍: അല്ല അത് പിന്നെ...ചെറുപ്പത്തിലെ കാതു കുത്താത്തത് കൊണ്ടല്ലേ വലുതായപ്പോള്‍ കമ്മലിടനമെന്ന മോഹം പോലും നിനക്ക് തോന്നാതിരുന്നത്?

മകന്‍: അമ്മാവന്‍ എന്തൊക്കെയ പറയണത്. എനിക്ക് കമ്മളിടാന്‍ മോഹം ഒന്നും ഇല്ല. നാണക്കേട്

അമ്മാവന്‍: എന്നാ പിന്നെ അത് വിട്.. ഞാന്‍ ഒരു ലിസ്റ്റ് എടുത്തിട്ടുണ്ട് അത് വായിച്ചാല്‍ നിനക്ക് മനസ്സിലാകും നിന്‍റെ അച്ഛനും അമ്മയും നിന്നെ വഞ്ചിക്കുകയായിരുന്നെന്നു

മകന്‍: എന്ത് ലിസ്റ്റ്

അമ്മാവന്‍: ദാ നോക്ക്. ഇതാണ് നിങ്ങള്‍ മക്കള്‍ക്ക് നിങ്ങളുടെ അച്ഛനും അമ്മയും കൂടെ വാങ്ങി തന്നെ സാധനങ്ങളുടെ ലിസ്റ്റ്. ഇത് നോക്കിയാല്‍ അറിയാം നിനക്ക് വളരെ കുറവ് സാധനങ്ങളെ അവര്‍ വാങ്ങി തന്നിട്ടുള്ളൂ.

അമ്മാവന്‍ ലിസ്റ്റ് വായിക്കുന്നു...പെന്‍സില്‍... പേന....മഷികുപ്പി..ഷര്‍ട്ട്...ട്രൌസര്‍...പാന്‍റ്...ഷഡഡി..കളര്‍ പെന്‍സില്‍..ടൂത്ത്ബ്രഷ്...കണ്ടോ കണ്ടോ നിനക്ക് എല്ലാം കുറവാ വാങ്ങിയത് ബാക്കിയുള്ളവര്‍ക്ക് എല്ലാം കൂടുതലും..

മകന്‍: അമ്മാവന് തലക്ക് സുഖമില്ലേ..ഈ ഓരോ സാധനങ്ങള്‍ വാങ്ങുന്നത് അപ്പോഴത്തെ ആവശ്യത്തിനു അനുസരിച്ചല്ലേ..ഇതൊക്കെ ഓര്‍ത്തു കണക്ക് എടുതിരിക്കാന്‍ എനിക്ക് ഭ്രാന്തില്ല...അച്ഛനും അമ്മയും ഞങ്ങളെ എല്ലാവരെയും ഒരുപോലെയെ സ്നേഹിചിട്ടുള്ളൂ.. അത് ഞങ്ങള്‍ക്ക് അറിയാം.. പിന്നെ ഈ വാങ്ങി തന്ന സാധനങ്ങളുടെ കണക്ക് നോക്കിയല്ല ഞങ്ങള്‍ അച്ഛനും അമ്മയ്ക്കും ഞങ്ങളോടുള്ള സ്നേഹം അളക്കുന്നത്. പിന്നെ അഥവാ എന്തെങ്കിലും കുറ്റവും കുറവും ഉണ്ടെങ്കില്‍ ഞങ്ങള്‍ സഹിച്ചു.

അമ്മാവന്‍: അതു നിങ്ങള് മാത്രം തീരുമാനിച്ചാ മതിയോ. ഇവിടെ ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ട്

മകന്‍: ദേ ഞാന്‍ ഇത്രയും നേരം നിങ്ങള്‍ പറഞ്ഞത് കേട്ട് കൊണ്ടിരുന്നത് നിങ്ങടെ പ്രായം ഓര്‍ത്തിട്ടാ..ഇനി ഇത് പോലുള്ള എന്തെങ്കിലും വഷളത്തരം പറഞ്ഞാല്‍ എടുത്തു ചുരുട്ടി കൂട്ടി പുരതെരിയും പറഞ്ഞേക്കാം.

അമ്മാവന്‍: എടാ തെമ്മാടി..നിന്നെ ഒന്നും ഉപദേശിചാലും നന്നാവില്ലെടാ..അതെങ്ങനെ അവന്‍റെ അല്ലെ ജാതി..അവളോട്‌ അന്നേ പറഞ്ഞതാ കീഴ്ജാതിക്കാരനെ കേട്ടണ്ടാന്നു..അതിനെങ്ങനെയാ വിപ്ലവം അല്ലെ വിപ്ലവം..എന്നിട്ട് ഇപ്പൊ എന്തായി..ബുദ്ദിയില്ലാത്ത അഞ്ച് പിള്ളേരേം കിട്ടിപ്പോ സമാധാനം ആയി കാണും..ത്ഫൂ...

പിന്നെ നടന്നത് സംഭാഷണം അല്ലായിരുന്നു..ആക്ഷന്‍...കട്ട് പറയാന്‍ ആളില്ലാതോണ്ട് ആക്ഷന്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു...

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

കറന്റ്-കര്‍ത്താ-സ്വാമി വിവാദം

വീണ്ടുമൊരു വിവാദം പുകയുകയാണ്. വിവാദങ്ങള്‍ തിന്നു ജീവിക്കുന്ന മലയാളികള്‍ക്കിടയില്‍.മുഴുവന്‍ സത്യവും ആര്‍ക്കും അറിയില്ല. പാതി സത്യങ്ങളുടെയും മുറി സത്യങ്ങളുടെയും പുറകെ കൂടി എല്ലാവരും കൂടി കൊഴുപ്പിക്കുകയാണ്. അപ്പൊ പിന്നെ ഞാനെന്തിനാ വെറുതെ ഇരിക്കുന്നെ. എന്‍റെ വക ഇരിക്കട്ടെ കുറച്ചു.

ആധാരം: ശ്രീദേവി കര്‍ത്ത വിവര്‍ത്തനം ചെയ്ത ശ്രീ അബ്ദുല്‍ കലാമിന്‍റെ TRANSCENENCE-MY SPIRITUAL EXPERIENCES WITH PRAMUKH SWAMINJI എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കറന്റ് ബുക്സ് ആവശ്യപെട്ട വാര്‍ത്ത. അതിനു കാരണമായി പറഞ്ഞത് സ്വാമി  ബ്രഹ്മവിഹാരി ദാസ് പങ്കെടുക്കുന്ന ചടങ്ങില്‍ സ്ത്രീകള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ പാടില്ലെന്ന് മഠം അറിയിച്ചു എന്നത്.

ഇനി എന്‍റെ ഭാഗം പറയാം. ഞാന്‍ ആരുടെ പക്ഷത്തു ആണെന്ന് ചോദിച്ചാല്‍ എന്‍റെ പക്ഷത്തു എന്ന് മാത്രമേ പറയാന്‍ കഴിയൂ. കാരണം ഇവിടെ ഒരു പക്ഷവും പൂര്‍ണമായി ശരിയാനെന്നോ, തെറ്റാണെന്നോ പറയാന്‍ കഴിയില്ല. ആദ്യം ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ എനിക്കും തോന്നിയത് ശ്രീമതി ശ്രീദേവി കര്‍ത്തായുടെ പക്ഷമല്ലേ ശരി എന്നാണ്. താന്‍ വിവര്‍ത്തനം ചെയ്ത പുസ്തക പ്രസാദന ചടങ്ങില്‍ നിന്ന് ഒഴിച്ച് നിര്‍ത്തപെടുക എന്നത് തികച്ചും വേദനാജനകം ആണ്. പക്ഷെ പിന്നെ കണ്ടത് ഭൂരിപക്ഷം പേരും സ്വാമി ബ്രഹ്മവിഹരിയെ തെറി വിളിക്കുന്നതാണ്. വഴിയെ പോകുന്നവരെല്ലാം കേറി സ്വാമിക്ക് പൊങ്കാലയിട്ടു. പക്ഷെ അദ്ദേഹം ചെയ്ത തെറ്റ് എന്താണ്. അദ്ദേഹം ഉപവസിക്കുന്ന മൂല്യങ്ങള്‍ പ്രകാരം സ്ത്രീകളുടെ കൂടെ വേദി പങ്കിടുന്നത് തെറ്റായി കാണുന്നു. ഇത്തരം ഉപചാരങ്ങള്‍ അദ്ദേഹം തുടങ്ങി വച്ചതല്ല, വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന മഠത്തിന്‍റെ ആചാരങ്ങളായിരിക്കാം അവ. നമ്മുക്ക് വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അവരവരുടെ വിശ്വാസങ്ങള്‍ നില നിര്‍ത്തി കൊണ്ട് പോകാനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അപ്പോള്‍ ഇവിടെ തെറ്റ്കാരന്‍ ആരാണ്.

ഇത്തരം ഒരു ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം പുസ്തകത്തിന്‍റെ പ്രസാധകര്‍ക്ക് തന്നെ ആണ്. അവര്‍ സ്വാമിയേ ക്ഷണിച്ചിരിക്കാം അപ്പോള്‍ സ്വാഭാവികമായും ആരൊക്കെ പങ്കെടുക്കുന്നു എന്ന് ആരാഞ്ഞിരികാം. ശ്രീമതി ശ്രീദേവി കര്‍ത്ത വേദിയില്‍ ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ തനിക്കു പങ്കെടുക്കാനുള്ള ബുദ്ദിമുട്ടു പറഞ്ഞിരിക്കാം. ഇവിടെ തീരുമാനം എടുക്കേണ്ടിയിരുന്നത് കറന്റ് ബുക്സ് ആയിരുന്നു. അവര്‍ക്ക് സ്വാമിയെ ഒഴിവാക്കി വിവര്‍ത്തകയെ പങ്കെടുപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ വിവര്‍ത്തകയെ ഒഴിവാക്കി സ്വാമിയേ പങ്കെടുപ്പിക്കാമായിരുന്നു. അവര്‍ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. അവര്‍ വിവര്‍ത്തകയെ ആദ്യമേ ക്ഷണിച്ചിരുന്നിരിക്കാം അത് കൊണ്ട് തന്നെ പങ്കെടുക്കരുത് എന്ന് പറയുമ്പോള്‍ അതിന്‍റെ കാരണവും പറഞ്ഞിരിക്കാം. ശ്രീമതി ശ്രീദേവി കര്‍ത്തക്ക് അത് തന്നെ അപമാനിക്കലായി തോന്നിയിരിക്കാം. അവരത് അത് ഏതോ മാധ്യമത്തോട് പങ്കു വച്ചതായിരിക്കും.

എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്ത ആക്കിയില്ലെങ്കിലെ അത്ഭുതമുള്ളു. പിന്നെ സാമൂഹ്യ മാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കി. സ്ത്രീ പക്ഷ വാദികള്‍ക്ക് കിട്ടിയ നല്ല ഒരു ഇരയായി സ്വാമി. പവരോഹിത്യം എന്നും എല്ലാ മതത്തിലും സ്ത്രീകള്‍ക്ക് വിലക്ക് കല്‍പിചിട്ടെ ഉള്ളു എല്ലാ മതത്തിലും. അതിനു ഒരു സ്വാമിയുടെ മെക്കട്ട് കയറിയത് കൊണ്ട് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ എല്ലാ ഉച്ച നീചത്വങ്ങളും ഒഴിവായി എല്ലാ മനുഷ്യരെയും മനുഷ്യരായി മാത്രം കാണുന്ന ഒരു ലോകം ഉദയം ചെയ്യും എന്ന് കരുതുന്നത് മണ്ടത്തരമാണ്.എങ്കിലും നമ്മുക്ക് പ്രതീക്ഷിക്കാം അത്തരം ഒരു ലോകം എന്നെങ്കിലും ഉണ്ടാകും എന്ന്.