2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

കറന്റ്-കര്‍ത്താ-സ്വാമി വിവാദം

വീണ്ടുമൊരു വിവാദം പുകയുകയാണ്. വിവാദങ്ങള്‍ തിന്നു ജീവിക്കുന്ന മലയാളികള്‍ക്കിടയില്‍.മുഴുവന്‍ സത്യവും ആര്‍ക്കും അറിയില്ല. പാതി സത്യങ്ങളുടെയും മുറി സത്യങ്ങളുടെയും പുറകെ കൂടി എല്ലാവരും കൂടി കൊഴുപ്പിക്കുകയാണ്. അപ്പൊ പിന്നെ ഞാനെന്തിനാ വെറുതെ ഇരിക്കുന്നെ. എന്‍റെ വക ഇരിക്കട്ടെ കുറച്ചു.

ആധാരം: ശ്രീദേവി കര്‍ത്ത വിവര്‍ത്തനം ചെയ്ത ശ്രീ അബ്ദുല്‍ കലാമിന്‍റെ TRANSCENENCE-MY SPIRITUAL EXPERIENCES WITH PRAMUKH SWAMINJI എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കറന്റ് ബുക്സ് ആവശ്യപെട്ട വാര്‍ത്ത. അതിനു കാരണമായി പറഞ്ഞത് സ്വാമി  ബ്രഹ്മവിഹാരി ദാസ് പങ്കെടുക്കുന്ന ചടങ്ങില്‍ സ്ത്രീകള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ പാടില്ലെന്ന് മഠം അറിയിച്ചു എന്നത്.

ഇനി എന്‍റെ ഭാഗം പറയാം. ഞാന്‍ ആരുടെ പക്ഷത്തു ആണെന്ന് ചോദിച്ചാല്‍ എന്‍റെ പക്ഷത്തു എന്ന് മാത്രമേ പറയാന്‍ കഴിയൂ. കാരണം ഇവിടെ ഒരു പക്ഷവും പൂര്‍ണമായി ശരിയാനെന്നോ, തെറ്റാണെന്നോ പറയാന്‍ കഴിയില്ല. ആദ്യം ഈ വാര്‍ത്ത‍ വായിച്ചപ്പോള്‍ എനിക്കും തോന്നിയത് ശ്രീമതി ശ്രീദേവി കര്‍ത്തായുടെ പക്ഷമല്ലേ ശരി എന്നാണ്. താന്‍ വിവര്‍ത്തനം ചെയ്ത പുസ്തക പ്രസാദന ചടങ്ങില്‍ നിന്ന് ഒഴിച്ച് നിര്‍ത്തപെടുക എന്നത് തികച്ചും വേദനാജനകം ആണ്. പക്ഷെ പിന്നെ കണ്ടത് ഭൂരിപക്ഷം പേരും സ്വാമി ബ്രഹ്മവിഹരിയെ തെറി വിളിക്കുന്നതാണ്. വഴിയെ പോകുന്നവരെല്ലാം കേറി സ്വാമിക്ക് പൊങ്കാലയിട്ടു. പക്ഷെ അദ്ദേഹം ചെയ്ത തെറ്റ് എന്താണ്. അദ്ദേഹം ഉപവസിക്കുന്ന മൂല്യങ്ങള്‍ പ്രകാരം സ്ത്രീകളുടെ കൂടെ വേദി പങ്കിടുന്നത് തെറ്റായി കാണുന്നു. ഇത്തരം ഉപചാരങ്ങള്‍ അദ്ദേഹം തുടങ്ങി വച്ചതല്ല, വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന മഠത്തിന്‍റെ ആചാരങ്ങളായിരിക്കാം അവ. നമ്മുക്ക് വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അവരവരുടെ വിശ്വാസങ്ങള്‍ നില നിര്‍ത്തി കൊണ്ട് പോകാനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അപ്പോള്‍ ഇവിടെ തെറ്റ്കാരന്‍ ആരാണ്.

ഇത്തരം ഒരു ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം പുസ്തകത്തിന്‍റെ പ്രസാധകര്‍ക്ക് തന്നെ ആണ്. അവര്‍ സ്വാമിയേ ക്ഷണിച്ചിരിക്കാം അപ്പോള്‍ സ്വാഭാവികമായും ആരൊക്കെ പങ്കെടുക്കുന്നു എന്ന് ആരാഞ്ഞിരികാം. ശ്രീമതി ശ്രീദേവി കര്‍ത്ത വേദിയില്‍ ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ തനിക്കു പങ്കെടുക്കാനുള്ള ബുദ്ദിമുട്ടു പറഞ്ഞിരിക്കാം. ഇവിടെ തീരുമാനം എടുക്കേണ്ടിയിരുന്നത് കറന്റ് ബുക്സ് ആയിരുന്നു. അവര്‍ക്ക് സ്വാമിയെ ഒഴിവാക്കി വിവര്‍ത്തകയെ പങ്കെടുപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ വിവര്‍ത്തകയെ ഒഴിവാക്കി സ്വാമിയേ പങ്കെടുപ്പിക്കാമായിരുന്നു. അവര്‍ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. അവര്‍ വിവര്‍ത്തകയെ ആദ്യമേ ക്ഷണിച്ചിരുന്നിരിക്കാം അത് കൊണ്ട് തന്നെ പങ്കെടുക്കരുത് എന്ന് പറയുമ്പോള്‍ അതിന്‍റെ കാരണവും പറഞ്ഞിരിക്കാം. ശ്രീമതി ശ്രീദേവി കര്‍ത്തക്ക് അത് തന്നെ അപമാനിക്കലായി തോന്നിയിരിക്കാം. അവരത് അത് ഏതോ മാധ്യമത്തോട് പങ്കു വച്ചതായിരിക്കും.

എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്ത ആക്കിയില്ലെങ്കിലെ അത്ഭുതമുള്ളു. പിന്നെ സാമൂഹ്യ മാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കി. സ്ത്രീ പക്ഷ വാദികള്‍ക്ക് കിട്ടിയ നല്ല ഒരു ഇരയായി സ്വാമി. പവരോഹിത്യം എന്നും എല്ലാ മതത്തിലും സ്ത്രീകള്‍ക്ക് വിലക്ക് കല്‍പിചിട്ടെ ഉള്ളു എല്ലാ മതത്തിലും. അതിനു ഒരു സ്വാമിയുടെ മെക്കട്ട് കയറിയത് കൊണ്ട് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ എല്ലാ ഉച്ച നീചത്വങ്ങളും ഒഴിവായി എല്ലാ മനുഷ്യരെയും മനുഷ്യരായി മാത്രം കാണുന്ന ഒരു ലോകം ഉദയം ചെയ്യും എന്ന് കരുതുന്നത് മണ്ടത്തരമാണ്.എങ്കിലും നമ്മുക്ക് പ്രതീക്ഷിക്കാം അത്തരം ഒരു ലോകം എന്നെങ്കിലും ഉണ്ടാകും എന്ന്.