2015 ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒരു കഥ..വെറും കഥ...


ഞാനൊരു കഥ പറയാം...

പണ്ട് ഒരു കുടുംബം അഛ്ചനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. മൂന്നു ആണും രണ്ടു പെണ്ണും. ആ അഛ്ചനും അമ്മയും തങ്ങളുടെ മക്കളെ വളരെ കഷ്ടപ്പെട്ട് സ്നേഹിച്ചു അല്ലലൊന്നും കൂടാതെ വളര്‍ത്തി വലുതാക്കി. എല്ലാവരെയും നല്ല രീതിയില്‍ പഠിപ്പിച്ചു നല്ല ജോലിക്കാരക്കി. മൂത്തവന്‍ ഡോക്ടറായി..രണ്ടാമത്തവന്‍ എന്ജിനീര്‍ ആയി..മൂന്നാമത്തവള്‍ ടീച്ചര്‍ ആയി..നാലാമത്തവന്‍ പൈലറ്റ്‌ ആയി..അഞ്ചാമത്തവള്‍ ഐ.എ.സ് കാരിയായി. എല്ലാവരും പറഞ്ഞു എന്ത് നല്ല കുടുംബം..എത്ര നന്നായി ജീവിക്കുന്നു..അതെ അവര്‍ നന്നായി തന്നെ ജീവിക്കുന്നു. പരസ്പരം സ്നേഹിച്ചു വളരെ സന്തോഷത്തോടെ..ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതില്ല..അതിപ്പോ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുന്നതല്ലേ..പക്ഷെ ആ സഹോദരങ്ങല്‍കിടയില്‍ എന്നും സ്നേഹവും ബഹുമാനവും നിറഞ്ഞു നിന്നിരുന്നു. എന്ത് പ്രശ്നം ഉണ്ടായാലും അവര്‍ അത് തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കുമായിരുന്നു. അങ്ങിനെ അവര്‍ സന്തോഷത്തോടെ കഴിയുകയാണ്.

അങ്ങിനെയിരിക്കെ അവരുടെ ഒരു അമ്മാവന്‍..അകന്ന ബദ്ധത്തില്‍ ഉള്ള ഒരു അമ്മാവന്‍ അവരുടെ വീട്ടില്‍ വന്നു. അമ്മാവന്‍ ഇപ്പൊ ഒറ്റക്കാണ്.അങ്ങിനെ ഒറ്റയ്ക്ക് ആയതല്ല..സ്വഭാവം അത്ര നല്ലതാണെ..സ്വന്തം മക്കള് വരെ കൂടെ നിറുത്തില്ല..അതോണ്ട് ഇങ്ങനെ ഓരോ ബന്ധു വീടുകളില്‍ ആയി ആണ് താമസം.

അമ്മാവനെ പറ്റി കേട്ടിരുന്നെങ്കിലും അവര്‍ എല്ലാവരും അമ്മാവനെ സ്നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്..ശകുനി അമ്മാവന്‍ എന്നാണ് എല്ലാവരും വിളിക്കുന്നതെങ്കിലും അവര്‍ അവരുടെ കുടുംബത്തിലെ അംഗമായി അമ്മാവനെ കണ്ടു..

ഒരു ദിവസം അമ്മാവന്‍ മൂത്ത മകന്‍റെ അടുത്ത് ചെന്നു വിശേഷങ്ങള്‍ ചോദിക്കയായിരുന്നു. അതിനിടയില്‍ ചോദിച്ചു..മോനെ നീ ഇവിടത്തെ മൂത്ത മകനല്ലേ എന്നിട്ടും അച്ഛനും അമ്മയും നിന്നെ അത് പോലെ പരിഗണിക്കുന്നുണ്ടോ? അത് കേട്ട മകന് ചിരിയാണ് വന്നത്.

മകന്‍: അല്ലാതെ പിന്നെ അവര്‍ക്ക് എന്നെ എല്ലാവരെയും പോലെ ഇഷ്ടമാണല്ലോ?

അമ്മാവന്‍: അപ്പൊ എല്ലാവരെയും പോലെ ഇഷ്ടമായാല്‍ മതിയോ?

മകന്‍: പിന്നല്ലാതെ എല്ലാവരെയും ഒരുപോലെ അല്ലെ കാണേണ്ടത്?

അമ്മാവന്‍: അതിനു നീ അവരുടെ മൂത്ത മകനല്ലേ..നിനക്കല്ലേ അവര്‍ കൂടുതല്‍ പരിഗണന തരേണ്ടത്‌?അല്ലെങ്കില്‍ കിട്ടേണ്ട പരിഗണന നിനക്ക് കിട്ടീയിട്ടുന്ദൊ?

മകന്‍: പിന്നല്ലാതെ..അവരെല്ലേ എന്നെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കിയത്.

അമ്മാവന്‍: അപ്പൊ താഴെയുല്ലവള്‍ ഐ.എ.സ് ആയതോ? ഡോക്ടര്‍ ആണോ ഐ.എ.സ് ആണോ വലുത്? മൂത്ത മകനെന്ന നിലക്ക് നിന്നെ അല്ലെ അവര്‍ ഐ.എ.സ് ആക്കെണ്ടിയിരുന്നത്?

മകന്‍: അതിനു അമ്മാവാ എനിക്ക് താല്‍പ്പര്യം മെഡിസിനോടയിരുന്നു. പിന്നെ എനിക്ക് ഐ.എ.സ് ഇനിയും എഴുതാലോ? വേണമെന്നുണ്ടെങ്കില്‍?

അമ്മാവന്‍: അത് മോന്‍ പാവമായാത് കൊണ്ട് തോന്നുന്നതാ. ഇപ്പൊ മോന് കഴിവുള്ളത് കൊണ്ടല്ലേ ഐ.എ.സ് ചെയ്യാമെന്ന് തോന്നണത്. അതെന്തുകൊണ്ട് മോന്‍റെ അച്ഛനും അമ്മയ്ക്കും തോന്നിയില്ല.അവര്‍ എന്ത് കൊണ്ട് അന്നേ മോനെ ഡോക്ടര്‍ ആക്കാതെ ഐ.എ.സ് ആക്കിയില്ല. അപ്പൊ അതിനര്‍ത്ഥം മോനോട് അവര്‍ക്ക് എന്തോ തല്പ്പര്യകുറവ് ഉണ്ട് എന്നല്ലേ?

മകന്‍: അമ്മാവാ..ഇന്ന് എനിക്ക് ഐ.എ.സ് ചെയ്യാന്‍ ഉള്ള കഴിവ് ഉണ്ടാക്കി തന്നത് അവരല്ലേ? അവര്‍ അന്ന് അവരുടെ കഴിവനുസ്സരിച്ചു എന്നെ ഡോക്ടര്‍ ആക്കി. അന്ന് അവര്‍ എന്നെ പഠിപ്പിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?

അമ്മാവന്‍: എന്നാലും നീ ഒന്ന് ഓര്‍ത്തു നോക്കിയേ നിന്‍റെ അനുജന്‍റെ പിറന്നാളിന് അച്ഛന്‍ ഒരു സൈക്കിള്‍ സമ്മാനമായി കൊടുത്തത്?

മകന്‍: അതിനെന്താ?

അമ്മാവന്‍: എന്തൊന്നോ നിന്‍റെ പിറന്നാളിന് അവര്‍ സൈക്കിള്‍ വാങ്ങി തന്നിരുന്നോ?

മകന്‍: ഇല്ല

അമ്മാവന്‍: അതാ ഞാന്‍ പറഞ്ഞത് നിന്നോട് അവര്‍ക്ക് ശരിക്കും ഇഷ്ടം ഇല്ലെന്നു.

മകന്‍: അത് അന്ന് അച്ഛന്‍റെ കയ്യില്‍ പൈസ ഇല്ലായിരുന്നു. പൈസ ഉണ്ടായപ്പോള്‍ വാങ്ങി തന്നല്ലോ?

അമ്മാവന്‍: പിന്നെ എപ്പോഴെങ്കിലും വാങ്ങി തരുന്നത് പോലെ ആണോ പിറന്നാളിന് സമ്മാനം തരുന്നത്? നീ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ടാണ് നിന്നെ എല്ലാവരും പറ്റിക്കുന്നത്.

മകന്‍: എന്നെ ആറു പറ്റിചെന്നാ?

അമ്മാവന്‍: നിന്‍റെ പെങ്ങന്മാര്‍ക്കു രണ്ടു പേര്‍ക്കും കാത്തു കുത്തി കമ്മലിട്ടു. നിനക്ക് എന്താ ഇടാഞ്ഞേ

മകന്‍: അതിനു ഞാന്‍ ആണ്‍കുട്ടി അല്ലെ? എന്‍റെ അനിയന്മാര്‍ക്കും കമ്മല്‍ ഇല്ലല്ലോ?

അമ്മാവന്‍: അല്ല അത് പിന്നെ...ചെറുപ്പത്തിലെ കാതു കുത്താത്തത് കൊണ്ടല്ലേ വലുതായപ്പോള്‍ കമ്മലിടനമെന്ന മോഹം പോലും നിനക്ക് തോന്നാതിരുന്നത്?

മകന്‍: അമ്മാവന്‍ എന്തൊക്കെയ പറയണത്. എനിക്ക് കമ്മളിടാന്‍ മോഹം ഒന്നും ഇല്ല. നാണക്കേട്

അമ്മാവന്‍: എന്നാ പിന്നെ അത് വിട്.. ഞാന്‍ ഒരു ലിസ്റ്റ് എടുത്തിട്ടുണ്ട് അത് വായിച്ചാല്‍ നിനക്ക് മനസ്സിലാകും നിന്‍റെ അച്ഛനും അമ്മയും നിന്നെ വഞ്ചിക്കുകയായിരുന്നെന്നു

മകന്‍: എന്ത് ലിസ്റ്റ്

അമ്മാവന്‍: ദാ നോക്ക്. ഇതാണ് നിങ്ങള്‍ മക്കള്‍ക്ക് നിങ്ങളുടെ അച്ഛനും അമ്മയും കൂടെ വാങ്ങി തന്നെ സാധനങ്ങളുടെ ലിസ്റ്റ്. ഇത് നോക്കിയാല്‍ അറിയാം നിനക്ക് വളരെ കുറവ് സാധനങ്ങളെ അവര്‍ വാങ്ങി തന്നിട്ടുള്ളൂ.

അമ്മാവന്‍ ലിസ്റ്റ് വായിക്കുന്നു...പെന്‍സില്‍... പേന....മഷികുപ്പി..ഷര്‍ട്ട്...ട്രൌസര്‍...പാന്‍റ്...ഷഡഡി..കളര്‍ പെന്‍സില്‍..ടൂത്ത്ബ്രഷ്...കണ്ടോ കണ്ടോ നിനക്ക് എല്ലാം കുറവാ വാങ്ങിയത് ബാക്കിയുള്ളവര്‍ക്ക് എല്ലാം കൂടുതലും..

മകന്‍: അമ്മാവന് തലക്ക് സുഖമില്ലേ..ഈ ഓരോ സാധനങ്ങള്‍ വാങ്ങുന്നത് അപ്പോഴത്തെ ആവശ്യത്തിനു അനുസരിച്ചല്ലേ..ഇതൊക്കെ ഓര്‍ത്തു കണക്ക് എടുതിരിക്കാന്‍ എനിക്ക് ഭ്രാന്തില്ല...അച്ഛനും അമ്മയും ഞങ്ങളെ എല്ലാവരെയും ഒരുപോലെയെ സ്നേഹിചിട്ടുള്ളൂ.. അത് ഞങ്ങള്‍ക്ക് അറിയാം.. പിന്നെ ഈ വാങ്ങി തന്ന സാധനങ്ങളുടെ കണക്ക് നോക്കിയല്ല ഞങ്ങള്‍ അച്ഛനും അമ്മയ്ക്കും ഞങ്ങളോടുള്ള സ്നേഹം അളക്കുന്നത്. പിന്നെ അഥവാ എന്തെങ്കിലും കുറ്റവും കുറവും ഉണ്ടെങ്കില്‍ ഞങ്ങള്‍ സഹിച്ചു.

അമ്മാവന്‍: അതു നിങ്ങള് മാത്രം തീരുമാനിച്ചാ മതിയോ. ഇവിടെ ചോദിക്കാനും പറയാനും ആളുകള്‍ ഉണ്ട്

മകന്‍: ദേ ഞാന്‍ ഇത്രയും നേരം നിങ്ങള്‍ പറഞ്ഞത് കേട്ട് കൊണ്ടിരുന്നത് നിങ്ങടെ പ്രായം ഓര്‍ത്തിട്ടാ..ഇനി ഇത് പോലുള്ള എന്തെങ്കിലും വഷളത്തരം പറഞ്ഞാല്‍ എടുത്തു ചുരുട്ടി കൂട്ടി പുരതെരിയും പറഞ്ഞേക്കാം.

അമ്മാവന്‍: എടാ തെമ്മാടി..നിന്നെ ഒന്നും ഉപദേശിചാലും നന്നാവില്ലെടാ..അതെങ്ങനെ അവന്‍റെ അല്ലെ ജാതി..അവളോട്‌ അന്നേ പറഞ്ഞതാ കീഴ്ജാതിക്കാരനെ കേട്ടണ്ടാന്നു..അതിനെങ്ങനെയാ വിപ്ലവം അല്ലെ വിപ്ലവം..എന്നിട്ട് ഇപ്പൊ എന്തായി..ബുദ്ദിയില്ലാത്ത അഞ്ച് പിള്ളേരേം കിട്ടിപ്പോ സമാധാനം ആയി കാണും..ത്ഫൂ...

പിന്നെ നടന്നത് സംഭാഷണം അല്ലായിരുന്നു..ആക്ഷന്‍...കട്ട് പറയാന്‍ ആളില്ലാതോണ്ട് ആക്ഷന്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ